തത്തമ്മക്കൂട് വാട്സ്ആപ്പ് കൂട്ടായ്മ
ഫൈസൽ മാലിക് വി.എൻ എ.ആർ നഗർ നല്ല വാക്കുകൾ മാത്രം ശീലിച്ച ഇടപഴകലിന്റെ നൻമയാണ് തത്തമ്മക്കൂട് വാട്സ്ആപ്പ് കൂട്ടായ്മ. എഴുത്തും വായനയും ക്രിയാത്മക ചിന്തകളും വളർത്തിയെടുത്ത നാട്ടുകൂട്ടം. മൂന്ന് വർഷം കൊണ്ട് അത് ഈ പ്രദേശത്തിന്റെ സാമൂഹിക ഇടങ്ങളിൽ ഒരു നിശബ്ദ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഒരുപാട് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നാം അംഗങ്ങളാണെങ്കിലും തത്തമ്മക്കൂട് അതിൽ നിന്നൊക്കെ വേറിട്ടുനിൽക്കുന്നു. കർശനമായ പെരുമാറ്റച്ചട്ടത്തിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇന്ന് ഒരു നാടിന്റെ പരിച്ഛേദമായി മാറിയിരിക്കുന്നു. വളർന്നുവരുന്ന പുതുനാമ്പുകളെ അക്ഷരങ്ങളോട് അടുപ്പിക്കുകയും സർഗാത്മകത വളർത്തുകയും ചെയ്യുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇരുളാർന്ന പോയകാലത്തെ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഊഷ്മളമായ സൗഹൃദത്തിന്റെ സൗരഭ്യം ഒരുഗ്രാമം മുഴുവൻ പരത്തുക എന്നതും തത്തമ്മക്കൂടിന്റെ സ്വപ്നമത്രെ. ആരോടും കടപ്പാടുകളില്ലാതെ തിരക്കഭിനയിച്ച് സ്വന്തത്തിലേക്ക് ചുരുങ്ങി പരിസരത്തുനിന്നുയരുന്ന നിലവിളികളിൽ കാതുകൾ പൊത്തിപ്പിടിക്കുന്ന യുവസമൂഹത്തെ സാമൂഹിക ബോധമുള്ളവനാക്കി മാറ്റാനും തത്തമ്മക്കൂടിനു കഴിഞ്ഞിരിക്കുന്നു. ഞായറാഴ്ചകളിൽ ഏറെക്കുറ...