ഈത്തപ്പഴ വിശേഷം
തംറ് അഥവാ ഈത്തപ്പഴം
ഏതെങ്കിലുമൊരു വിശ്വാസിസമൂഹത്തിന്റെ ജീവിതവുമായി ഇത്രയധികം ബന്ധപ്പെട്ടുകിടക്കുന്ന ഒരു പഴവർഗം ഉണ്ടെങ്കിൽ അത് ഈത്തപ്പഴം മാത്രമായിരിക്കും. ആയിരത്തി അഞ്ഞൂറിലധികം ഇനങ്ങളിൽ ഈത്തപ്പഴം ഉണ്ടെങ്കിലും പൊതുവെ ഇതിനെ തംറ് എന്നാണ് വിളിക്കപ്പെടുന്നത്. മദീനയിൽ മാത്രം നൂറ്റിയമ്പതിൽ പരം ഈത്തപ്പഴഇനങ്ങൾ ഉണ്ടത്രേ. ഇതിലേറ്റവും സ്രേഷ്ടമായതും വില കൂടിയതും ''അജ്വ" എന്ന ഇനമാണ്. ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്ന രാജ്യം സൗദിഅറേബ്യയാണ്. പെട്രോഡോളറിന്റെ കുത്തൊഴുക്കിലും അറബികൾ ഈത്തപ്പഴകൃഷിയെ കൈവിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. ഈത്തപ്പഴകൃഷിയിലെ ലാഭനഷ്ടം കണക്കു കൂട്ടാതെ പാരമ്പര്യവും പൈതൃകവുമാണ് അവർ പരിഗണിച്ച ഘടകം. പരിശുദ്ധ ഖുർആനിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഈത്തപ്പഴത്തെ പരാമർശിക്കുന്നുണ്ട്. നോമ്പുതുറക്കാൻ ഏറ്റവും ശ്രേഷ്ടമായത് കാരക്കയാണെന്ന നബിവചനം സുവ്യക്തമാണല്ലോ. പ്രവാചകൻ ഈസ (അ)യുടെ മാതാവ് മറിയമിന് ഗർഭത്തിന്റെ അന്ത്യഘട്ടത്തിൽ വേദനയും അസ്വസ്ഥതയും നേരിട്ടപ്പോൾ ഈത്തപ്പഴം തിന്നാൻ ഉപദേശിച്ചതായി പരിശുദ്ധ ഖുർആനിൽ കാണാം (സൂറ:മറിയം25)
ആദ്യം കാരക്കയും പിന്നെ പച്ചവെള്ളവും കൊണ്ടാണ് നമ്മൾ ബഹുഭൂരിപക്ഷവും നോമ്പ് മുറിക്കുന്നത്. കാരക്കയും പച്ചവെള്ളവും തമ്മിൽ അത്രയേറെ ഇഴയടുപ്പമുണ്ട്. രണ്ടും പ്രകൃതിയുടെ ജൈവസത്ത. ഫല സമ്പുഷ്ടവും രാജകീയ വിഭവവുമായ ഈത്തപ്പഴത്തിന്റെ പോരിശ ഇനിയുമേറെയുണ്ട്.
ഫൈസൽ മാലിക് വി.എൻ
എ.ആർ നഗർ
Comments
Post a Comment