ഹോം ക്വാറന്റെെൻ

കഴിഞ്ഞ തിങ്കളാഴ്ച (16.3.2020) വൈകുന്നേരമാണ് ബലദിയയിൽ നിന്ന് കടകൾ അടക്കാനുള്ള നിർദ്ദേശം ലഭിച്ചത്. കടയിലുണ്ടായിരുന്ന ഈജിപ്ഷ്യൻ കസ്റ്റമറെ ഉടനെ പറഞ്ഞുവിട്ട് സ്റ്റോർ പൂട്ടി ഷട്ടർ താഴ്ത്തി റൂമിലേക്ക് പോന്നതാണ്. രണ്ടോ മൂന്നോ പ്രാവശ്യം അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി മിനിട്ടുകൾക്കകം റൂമിലേക്ക് മടങ്ങിയതൊഴിച്ചാൽ അഞ്ച് ദിവസമായി ഈ ഇരിപ്പ് തുടങ്ങിയിട്ട്. ഈ അനിശ്ചിതത്വം എന്ന് തീരും എന്നൊരു നിശ്ചയവുമില്ല. നിസ്കരിക്കാൻ തുടങ്ങിയ കാലം മുതൽ വെള്ളിയാഴ്ച ജുമുഅ മുടങ്ങിയത് ഓർമയില്ല. സാധാരണ ദിവസത്തെ ബാങ്ക് പോലെയല്ല വെള്ളിയാഴ്ച ദിവസത്തെ ളുഹർ ബാങ്ക്. നേരത്തെ ജുമുഅക്ക് എത്തിയവരുടെ സാന്നിധ്യത്തിലായിരിക്കും. എന്നാൽ ഇന്ന് ബാങ്ക് കൊടുക്കുമ്പോൾ പള്ളിയിൽ ആരുമുണ്ടാകില്ല. ഹയ്യാലസ്വലാഹ് എന്ന് പറഞ്ഞതും മുഅദ്ദിൻ കരഞ്ഞ് പോയി. വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം ബാങ്ക് പൂർത്തിയാക്കിയത്. ശേഷം 'സ്വല്ലൂ ഫീ ബുയൂത്തിക്കും' എന്ന് കേട്ടതും ജുമുഅക്ക് പോവാതെ റൂമിൽ ഇരിക്കുന്നതും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജുമുഅ നമസ്കാരം നടക്കാത്ത ഒരു വെള്ളിയാഴ്ചയായിരിക്കും അന്ത്യനാൾ സംഭവിക്കുക എന്ന് പണ്ടെന്നോ കേട്ടത് ഓർമയുണ്ട്. അന്നതിന്റെ ഗൗരവം അറിയില്ലെങ്കിലും പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമായ മുസ്‌ലിം സമൂഹം ലോകത്തിന്റെ നിഖില മേഖലകളിലും ശക്തമായ സാന്നിധ്യമായി തുടരുന്ന കാലത്തോളം ജുമുഅ നടക്കാത്ത ദിവസം സംഭവിക്കുമൊ!!.
വീട്ടിൽ വച്ച് നമസ്കരിച്ചാലും ജുമുഅയുടെ പ്രതിഫലം ലഭിക്കുമെന്നത് ഓരോ വിശ്വാസിക്കും വലിയ ആശ്വാസം നൽകുന്നു. പരീക്ഷണത്തോടൊപ്പം റബ്ബിന്റെ അപാരമായ ഔദാര്യങ്ങളെ അറിയാനുള്ള അവസരം കൂടിയാണിത്.

കോവിഡ് 19 എന്ന് പേരിട്ട കൊറോണ വൈറസ് കാരണം എത്ര പെട്ടെന്നാണ് ലോകം തന്നെ നിശ്ചലമായി കൊണ്ടിരിക്കുന്നത്. അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ. വിശ്വാസികൾക്ക് മുമ്പിൽ കൊട്ടിയടച്ച ആരാധനാലയങ്ങൾ. താഴിട്ടുപൂട്ടിയ വ്യാപാരസ്ഥാപനങ്ങൾ. ആരവങ്ങൾ നിലച്ച കളിമൈതാനങ്ങൾ. ഒന്നിനും സമയമില്ലാത്തവരെന്ന് മേനി നടിച്ച മനുഷ്യന് ഇന്ന് ഒരു തിരക്കുമില്ല. പണംകൊണ്ട് എല്ലാം അതിജീവിക്കാം എന്നഹങ്കരിച്ചിരുന്നവർക്ക് മുമ്പിൽ പ്രകൃതി ഒന്ന് ക്ഷോഭിച്ചാൽ പണക്കാരന്നൊ പാവപ്പെട്ടവനെന്നൊ വേർതിരിവില്ലെന്ന് പ്രളയകാലത്ത് നാം അറിഞ്ഞു. ഇപ്പോഴിതാ വിവരസാങ്കേതികവിദ്യയും ആതുരസേവന രംഗവും ആകാശത്തോളം പുരോഗമിച്ചു എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങൾ പോലും എന്തുചെയ്യണമെന്നറിയാതെ നിശ്ചലമായി കിടക്കുന്നു. ഇതെഴുതുമ്പോൾ മരണസംഖ്യ പതിനായിരം കവിഞ്ഞിരിക്കുന്നു.  നമ്മുടെ പതിവ് ശീലങ്ങളെല്ലാം മാറ്റി പുതിയ രീതികൾ ശീലിക്കാൻ നിർബന്ധിതരായിരിക്കുന്നു. തികഞ്ഞ നിശ്ചയദാർഢ്യത്തോടെയും സ്വയം നിയന്ത്രണത്തിലൂടെയും ഈ പരീക്ഷണഘട്ടത്തെ നമുക്ക് അതിജയിക്കാം.

ഫൈസൽ മാലിക് വി.എൻ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)