എടരിക്കോട്ടെ വോട്ടർമാർ ഭാഗ്യം ചെയ്തവരാണ്

 ത്രിതല തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 14ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ ആവേശത്തിലേക്കും വാശിയിലേക്കും നീങ്ങുകയാണ്. പഠിപ്പും തന്റേടവുമുള്ള പുതുതലമുറയുടെ വക്താക്കളേയും പുതുമുഖങ്ങളേയും തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. മികവിലും മേന്മയിലും ബഹുദൂരം മുന്നിട്ടുനിൽക്കുന്ന മുസ്‌ലിംലീഗിന്റെ സ്ഥാനാർഥികളിൽ ശ്രദ്ധേയനാണ് മലപ്പുറം ജില്ലാപഞ്ചായത്ത് എടരിക്കോട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എഴുത്തുകാരനും പ്രഭാഷകനുമായ മുസ്‌ലിംലീഗ് നേതാവ് ടി.പി.എം ബഷീർ. 


വ്യക്തമായ,ജനപ്രിയ വികസന കാഴ്ചപ്പാടുള്ള ബഷീർ സാഹിബ് എഴുതിയ "മലപ്പുറം ജില്ല: പിറവിയും പ്രയാണവും" എന്ന മലപ്പുറം ജില്ലയെ കുറിച്ചുള്ള ആധികാരിക ചരിത്രഗ്രന്ഥം മാത്രം മതി അദ്ദേഹത്തിന്റെ ഗ്രാഫ് അളക്കാൻ. നിയമസഭാ രേഖകളും മറ്റു ഔദ്യോഗിക വിവരങ്ങളും റഫറന്‍സായി ചേര്‍ത്തതിനാല്‍ ജില്ലയെ കുറിച്ചുള്ള ഒരു മികച്ച ഡോക്യുമെന്റി കൂടിയാണ് ഈ പുസ്തകം. 


മുസ്‌ലിംലീഗിനെ ചരിത്രപരമായും താത്വികമായും വിലയിരുത്തി ബഷീർ സാഹിബ് നടത്തുന്ന പ്രഭാഷണങ്ങളുടെ അവതരണശൈലിയും ആധികാരികതയും അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് നമ്മെ ബോധ്യപ്പെടുത്തുന്നു. ദേശീയ പ്രശസ്തനായ സോഷ്യലിസ്റ്റും മുസ്‌ലിംലീഗ് എം.എൽ.എയുമായിരുന്ന കെ.കെ അബു സാഹിബ് ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് കൂടിയായ ബഷീർ സാഹിബിന്റെ രണ്ട് സുപ്രധാന ചരിത്രപഠന ഗ്രന്ഥങ്ങളും ഒരു ലേഖനസമാഹാരവും ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. കൂടാതെ നിരവധി ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിവരുന്നു. 


1995-ൽ പുറത്തിറങ്ങിയ ഏറ്റവും നല്ല വാർഷികപതിപ്പായി 'സാഹിത്യ വാരഫലത്തിൽ' എം.കൃഷ്ണൻ നായർ വിശേഷിപ്പിച്ച 'തൂലിക' വാർഷിക പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജായിരുന്നു.

എം.എസ്.എഫ് യൂണിവേഴ്സിറ്റി ഹൈസ്കൂൾ

യൂനിറ്റ് ജന.സെക്രട്ടറി,

നീരോൽപാലം ശാഖ പ്രഥമ ജന.സെക്രട്ടറി, തേഞ്ഞിപ്പലം പഞ്ചായത്ത് ജന.സെക്രട്ടറി, പ്രസിഡന്റ്, തിരൂരങ്ങാടി മണ്ഡലം ജന.സെക്രട്ടറി,പ്രസിഡന്റ്, ജില്ലാ പ്രവർത്തക സമിതിയംഗം,സംസ്ഥാന കൗൺസിൽ അംഗം. യൂത്ത് ലീഗ്

ശാഖാ ജന.സെക്രട്ടറി, പഞ്ചായത്ത് ജന.സെക്രട്ടറി, പ്രസിഡന്റ്, തിരൂരങ്ങാടി മണ്ഡലം ജന.സെക്രട്ടറി,പ്രസിഡന്റ്, ജില്ലാ ട്രഷറർ, സംസ്ഥാന സെക്രട്ടറി എന്നീ പദവികളിൽ വ്യക്തിമുദ്രപതിപ്പിച്ച ടി.പി.എം നിലവിൽ വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി, മുസ്‌ലിംലീഗ് ദേശീയ കൗൺസിൽ അംഗം, സി.ഇ.ഒ സംസ്ഥാന സെക്രട്ടറി, തേഞ്ഞിപ്പലം സർവീസ് ബാങ്ക് സെക്രട്ടറി, ചെമ്മാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ സെന്റർ ജന.സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു.


ഹൈസ്കൂൾ പഠനകാലത്ത് താനെഴുതിയ ഒരു ചെറിയ കുറിപ്പുമായി പിതാവിന്റെ കൈപിടിച്ച് മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ അദ്ദേഹത്തിന്റെ വീട്ടിൽ കാണാൻ പോയതും സി.എച്ച് മാറോടണച്ചു പിടിച്ച് ആശീർവദിച്ചതും എഴുത്ത് തുടരണമെന്ന് ഉപദേശിച്ചതും ജീവിതത്തിലെ ഏറ്റവുംവലിയ സുകൃതങ്ങളിലൊന്നായി മനസ്സിൽ താലോലിക്കുകയാണ് ബഷീർ സാഹിബ്. 

ഏൽപ്പിക്കപ്പെട്ട ചുമതലകളിലെല്ലാം തന്റേതായ അടയാളങ്ങൾ രേഖപ്പെടുത്തി കർമ മണ്ഡലത്തിൽ സജീവമായ ടി.പി.എം ബഷീർ സാഹിബ് എടരിക്കോട്ടുകാർ എന്നുമോർക്കുന്ന മാതൃകാ ജനപ്രതിനിധിയായി മാറട്ടെ എന്നാശംസിക്കുന്നു.


ഫൈസൽ മാലിക് എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)