ഫേസ്ബുക്കിലെ ഫ്രണ്ട്ലിസ്റ്റ്‌

മരണത്തിന്റെ തണുപ്പിലേക്ക് മറഞ്ഞുപോയ ഫേസ്ബുക്ക്,വാട്സ്ആപ്പ് സുഹൃത്തുക്കളെക്കുറിച്ച് എപ്പോഴെങ്കിലും ഓർക്കാറുണ്ടോ? ഉള്ളൊന്ന് പിടയുന്നില്ലെ....

സംശയിക്കേണ്ട, സമയം കിട്ടുമ്പോൾ ഫ്രണ്ട്ലിസ്റ്റൊന്ന് സ്ക്രോൾ ചെയ്ത് നോക്കിയാൽ മതി. സ്ഥിരമായി ചാറ്റ് ചെയ്യുന്നവർ, മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചവർ, 

വല്ലപ്പോഴും മാത്രം ബന്ധം പുതുക്കുന്നവർ,ഒരു ലൈക്കിലൂടെ, കമന്റിലൂടെ സാന്നിധ്യമറിയിച്ചവർ, ഒരിടപെടലും നടത്താതെ കാഴ്ചക്കാർ മാത്രമായവർ.... 

ഫ്രണ്ട്ലിസ്റ്റിലുള്ളവരുടെ വിശേഷണങ്ങൾ അങ്ങിനെ നീണ്ടുനിവർന്ന് കിടക്കുകയാണ്.

കണ്ടവരേക്കാൾ കാണാത്തവരാണധികവും. എങ്കിലും സ്ഥിരം കാണുന്നവരേക്കാൾ ഹൃദയബന്ധമാണ് പലരോടും. അതൊരുപക്ഷേ തീരെ കാണാത്തത് കൊണ്ടുമാവാം. 

അതിനിടയിലാണ് ചില വിയോഗവാർത്തകൾ ഓർക്കാപ്പുറത്ത് നമ്മെത്തേടിയെത്തുന്നത്. കോവിഡ് താണ്ഡവത്തിലും എത്ര സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയുമാണ് നമുക്ക് നഷ്ടമായത്.

യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും. പിന്നെ ആ പ്രൊഫൈൽ ചിത്രത്തിലേക്ക് നിർവികാരതയോടെ ഏറെനേരം നോക്കി നിൽക്കും....

ആ സമയം അവരെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സ് നിറക്കും. പിന്നെ അതും മറവിയുടെ കയത്തിലേക്ക് ഊളിയിടും.

അപ്പോഴും ഫേസ്ബുക്കിലെ ഫ്രണ്ട്ലിസ്റ്റെന്ന കാണാചിരടിൽ കോർത്ത് നിൽക്കുന്നുണ്ടാകും അവർ.

"പഴകുന്തോറും രുചിയേറുന്നവയാണ് ചില ഓർമ്മകൾ" എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. എത്ര അർത്ഥവ്യാപ്തിയുള്ള വാക്കുകൾ!!

സുഹൃത്തുക്കളുടെ എണ്ണം കൂടുമ്പോഴും ഫ്രണ്ട്ലിസ്റ്റിൽ നിന്ന് അവരെ അടർത്തിമാറ്റാതെ നിലനിർത്തുന്നതും അതുകൊണ്ടുതന്നെ.


Faisal Malik AR Nagar


Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)