കമ്യൂണിസം; തെളിച്ചത്തിനെന്തൊരു


തെളിച്ചം.

എലിക്കെണികളിൽ പൊരിച്ച മത്സ്യം വെക്കുന്നത് എലികളോടുള്ള ദീനാനുകമ്പ കൊണ്ടല്ലെന്നും ചൂണ്ടയിൽ ഇര കോർത്ത് വെള്ളത്തിലേക്ക് എറിയുന്നത് മത്സ്യങ്ങളുടെ നേരെയുള്ള ഔദാര്യ ബുദ്ധികൊണ്ടല്ലെന്നും മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കില്ലാതെ പോയാൽ അത് വളരെ കഷ്ടമായിരിക്കും. പരിശുദ്ധ ഇസ്‌ലാമിക ചിന്തകളുടെ ആവിർഭാവം തന്നെ ലോകസൃഷ്ടാവിനെക്കുറിച്ചുള്ള ബോധത്തിൽ നിന്നാണ്. ആദ്യമായി ലോകസൃഷ്ടാവിനെ ഗ്രഹിക്കുന്നു. അതിനുശേഷമാണ് മറ്റുള്ളതെല്ലാം. ഇങ്ങനെയുള്ള ഇസ്‌ലാമും കമ്മ്യൂണിസവും എങ്ങനെ ഒരുസ്ഥലത്ത് ഒരുമിച്ച് കൂടും! അത് ഒരിക്കലും സാധ്യമല്ല. അവ രണ്ടും ഉത്തര-ദക്ഷിണ ധ്രുവങ്ങളെ പോലെ വ്യത്യസ്തങ്ങളാണ്. ഒന്നിനോട് എത്രകണ്ട് സമീപിക്കുന്നുവോ അത്രകണ്ട് മറ്റേതിൽ നിന്ന് അകന്നുപോകുന്നു. എന്നാൽ ഇന്ന് കമ്മ്യൂണിസത്തെ അനുകൂലിക്കുന്ന നമ്മുടെ സുഹൃത്തുക്കളിൽ രണ്ടുതരം അഭിപ്രായക്കാരെ കാണുന്നുണ്ട്. ഒരു കൂട്ടർ പറയുന്നത് ഇപ്രകാരമാണ്. കമ്മ്യൂണിസം നിരീശ്വരത്വമാണെന്നും അവർ നിരീശ്വരവാദികളാണെന്നും പറയുന്നത് ശരിയായിരിക്കാം. പക്ഷേ അത് റഷ്യയിലും ചൈനയിലുമുള്ള കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകളുമാണ്. ഇന്ത്യൻ കമ്മ്യൂണിസവും പാർട്ടിയും അങ്ങനെയല്ല, ഈ വാദം അജ്ഞതകൊണ്ടോ പൊതുജനങ്ങളെ മനപ്പൂർവ്വം വഞ്ചിക്കുവാൻ വേണ്ടിയോ മാത്രം പറയുന്നതാണ്. അതൊരിക്കലും സ്വീകാര്യമല്ല. (കെ.വി മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട്.1961സമസ്ത സമ്മേളന സുവനീർ)

ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥികൾ പ്രസിദ്ധീകരിക്കുന്ന തെളിച്ചം മാസിക ജനുവരി-ഫെബ്രുവരി സ്പെഷ്യൽ പതിപ്പിന്റെ മുഖലേഖനത്തിലെ ഏതാനും വരികളാണിത്. 1954ൽ ഇറക്കിയ ഒരു അറബിമലയാള നോട്ടീസിന്റെ മലയാള ഭാഷ്യവും പ്രസ്തുത ലക്കത്തിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിശുദ്ധ മക്കയിൽ തുർക്കിസ്ഥാനികളായ ഹജ്ജാജികൾ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസിന്റെ  നേർപരിഭാഷയാണ് ഈ അറബിമലയാള ആഹ്വാനം എന്നതാണ് ഇതിന്റെ പ്രത്യേകത.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം അടിസ്ഥാനശിലയായ കമ്മ്യൂണിസത്തെ  പ്രത്യയശാസ്ത്രപരമായൊ സംവാദ പരമായൊ വിശകലനം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും ഗ്രഹിക്കാനുള്ള ബുദ്ധിമുട്ട് സ്വാഭാവികമാണ്. എന്നാൽ ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയിലാണ് ഈ ലക്കം തെളിച്ചം മാസിക 'കമ്മ്യൂണിസം മൂല്യനിഷേധത്തിന്റെ മതവും 

പുറന്തള്ളലിന്റെ രാഷ്ട്രീയവും' എന്ന പ്രത്യേക പതിപ്പിൽ കമ്മ്യൂണിസത്തെ വിലയിരുത്തുന്നതും അതിന്റെ അപകടങ്ങളെ അപഗ്രഥിക്കുന്നതും. 

മതാധിഷ്ഠിതമായ കേരളീയ സാമൂഹ്യ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന അടവുനയാധിഷ്ഠിതമായ കമ്മ്യൂണിസം മതവിശ്വാസികൾക്കിടയിൽ ഉണ്ടാക്കാൻ പോകുന്ന അപകടങ്ങളെ കുറിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻമാരുടെ ഗ്രന്ഥങ്ങളും പ്രസ്താവനകളും അവരുടെ തന്നെ  ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളും മുൻനിർത്തി വിശദമായിത്തന്നെ തെളിച്ചം ബോധ്യപ്പെടുത്തുന്നുണ്ട്. 

ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ തരാതരം പോലെയുള്ള പ്രീണനവും ചില സമയത്ത് അപകടകരമായ മൗനവുമായിരുന്നു സിപിഎമ്മിന്റെ രീതി. ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തിനപ്പുറം യാതൊരു രാഷ്ട്രീയ ധാർമികതയോ മൂല്യമോ ഇതിനില്ലായിരുന്നു. ഐക്യജനാധിപത്യമുന്നണി സംവിധാനത്തിൽ നിന്ന് കേരള കോൺഗ്രസിലെ പ്രബല വിഭാഗത്തെ അടർത്തിയെടുത്ത് എൽ.ഡി.എഫ് പാളയത്തിലെത്തിച്ചു. 

ഇനി മുസ്‌ലിംലീഗിനെ കൂടി തകർത്തു കഴിഞ്ഞാൽ യുഡിഎഫ് നാമാവശേഷമാകും എന്ന വ്യാമോഹത്തിൽ നിന്നാണ് മുസ്‌ലിംലീഗിനെതിരെയുള്ള ഇപ്പോഴത്തെ നീക്കങ്ങൾ. ലീഗിനോടൊപ്പം ചേർന്നുനിൽക്കുന്നവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി മതസംഘടനകളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും തെളിച്ചം ആഹ്വാനവും  നടത്തുന്നു. 

മുസ്‌ലിം സ്ത്രീകളുടെ യഥാർഥ അസ്തിത്വത്തിന്റെ വിഷയം വരുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ഉപരിപ്ലവമായ വിഷയങ്ങൾ ഉണ്ടാകുമ്പോൾ രക്ഷിതാവ് ചമയുകയും ചെയ്യുന്നതിലെ കാപട്യം തുറന്ന് കാട്ടുന്ന തെളിച്ചം സ്പെഷ്യൽ പതിപ്പ് കമ്മ്യൂണിസ്റ്റ് നിഗൂഢതകളെ കുറിച്ചുള്ള കുറ്റമറ്റ പഠനവും ഇരുപതോളം കനപ്പെട്ട ലേഖനങ്ങളുടെ സമാഹാരവുമാണ്.

ഫൈസൽ മാലിക് എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)