മധു നുകർന്ന മനോഹര സായാഹ്നം



 കിഴക്കനേറനാടിന്റെ കിഴക്കേമൂലയായ കരുവാരക്കുണ്ടിലെ പ്രകൃതിരമണീയവും തികച്ചും ഗ്രാമീണ പശ്ചാത്തലവുമുള്ള മലയോര പ്രദേശമാണ് കൽക്കുണ്ട്. പ്രകൃതി ചൂഷണം അധികമൊന്നും എത്തിയിട്ടില്ലാത്ത നിശബ്ദ താഴ്‌വര. യാതൊരു കൃത്രിമത്വവും നടത്താത്ത കലർപ്പില്ലാത്ത, ശുദ്ധമായ തേൻ വാങ്ങലാണ് ഞങ്ങളുടെ (Abdul Latheef Areekkan, Sathar Kuttoor, Ashrafpavil Kakkadampuram) യാത്രോദ്ദേശം. ലത്തീഫാക്ക മുമ്പും ഇവിടെ വന്ന് തേൻ വാങ്ങിയിട്ടുണ്ട്. ഓർഡറിനനുസരിച്ച് ആദിവാസികളിൽ നിന്ന് തേൻ ശേഖരിച്ച് വയ്ക്കുകയാണ് ഇവർ ചെയ്യുന്നത്. 


കൽക്കുണ്ടിന് തൊട്ടടുത്താണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. കാട്ടരുവികൾ കൊണ്ട് സമൃദ്ധമായ ഇവിടെ നിന്നാണത്രെ ഒലിപ്പുഴയുടെ ഉത്ഭവം. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗുരുതരമായ അപകടത്തിൽ പെടാൻ ഏറെ സാധ്യതയുള്ള പ്രദേശമാണിത്.

നിങ്ങളുടെ സംതൃപ്തിയും ആസ്വാദനവും മറ്റുള്ളവരുടെ ദുഃഖമാവാതിരിക്കട്ടെ, ഒട്ടേറെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. അടുത്തത് നിങ്ങളുടെ പേരാവാതിരിക്കട്ടെ എന്നെഴുതിയ ബോർഡ് മതി ഇവിടത്തെ അപകടസാധ്യത ബോധ്യപ്പെടുത്താൻ. 


കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന വലിയ കരിങ്കല്ല് പാകിയ ദുർഘടവും പൊട്ടിപ്പൊളിഞ്ഞതുമായ പാതയിലൂടെ സ്വന്തം വാഹനത്തിൽ പോകാതിരിക്കലാണ് ബുദ്ധി. വെള്ളച്ചാട്ടം കാണാൻ വരുന്ന വിനോദസഞ്ചാരികളെ കാത്ത് കഴിയുന്ന ജീപ്പുകളിൽ യാത്ര ചെയ്യുന്നതാവും നമ്മുടെ ശരീരത്തിനും  വാഹനത്തിനും നല്ലത്. അങ്ങനെയല്ലാതെ യാത്രചെയ്യാൻ ശ്രമിച്ച ഒരു വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞ് വഴിയിൽ കിടക്കുന്നതിനും ഞങ്ങൾ സാക്ഷിയായി.


മലവെള്ളം തഴുകിയൊലിച്ച് മിനുസമായ പാറക്കല്ലുകൾ താണ്ടി കാട്ടരുവിലൂടെ കുറച്ചധികം ഉള്ളിലേക്ക് നടന്നാൽ കരിയിലകൾക്കടിയിൽ സംഭരിച്ച മഴവെള്ളം ചെറിയ തുള്ളികളായി ഒലിച്ചിറങ്ങുന്നതും അത് പിന്നെ നേർത്ത നീരുറവകളായി മാറുന്നതും അരുവിയായി രൂപാന്തരപ്പെടുന്നതും നേരിൽ കാണാം. കേരളാംകുണ്ട് കൂടാതെ വേറെയും വെള്ളച്ചാട്ടങ്ങൾ അവിടെയുണ്ട്. കാട്ടാറുകളും വെള്ളച്ചാട്ടവും കണ്ട് കൽക്കുണ്ടിൽ നിന്ന് തേനും വാങ്ങി അസ്തമയത്തോടെ മലയിറങ്ങുമ്പോഴും കാഴ്ചകൾ ഇനിയും ബാക്കിയായിരുന്നു.

ഫൈസൽ മാലിക് എ.ആർ നഗർ

Comments

Popular posts from this blog

മുസ്ലിം ലീഗ് ക്വിസ്

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം രണ്ട്)

മുസ്ലിം ലീഗ് ക്വിസ് - (ഭാഗം മൂന്ന്)