കപിൽ സിബൽ
എല്ലാവരെയും കൊന്നു തീര്‍ത്ത് നിങ്ങള്‍ രണ്ട് ദിനോസറുകള്‍ മാത്രം ബാക്കിയാവുന്ന ഒരു ജുറാസിക് പാര്‍ക്കായി ഇന്ത്യയെ മാറ്റരുത് എന്ന് രാജ്യസഭയിൽ അമിത്ഷായുടെ മുഖത്ത് നോക്കി വിളിച്ചുപറയാൻ ധൈര്യം കാണിച്ച കപിൽ സിബൽ കോൺഗ്രസ് വിട്ടെങ്കിൽ അതിൽ ഒരുപാട് പാഠങ്ങളുണ്ട്.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്സിൽ ലഭിച്ച അവസരം നിരാകരിച്ച് കോൺഗ്രസിലെത്തിയ കറകളഞ്ഞ മതേതരവാദിയും രാഷ്ട്രതന്ത്രജ്ഞനുമായ കപിൽ സിബൽ നിലവിൽ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാണ്. നിരന്തരം തിരിച്ചടികള്‍ മാത്രമുള്ള കോണ്‍ഗ്രസിന് ഇത് താങ്ങാവുന്നതിലുമപ്പുറമാവും.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനും യഥാർത്ഥ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ കബിൽ സിബലിനെ പോലെയുള്ള ഇന്ത്യയിൽ അറിയപ്പെടുന്ന പ്രഗൽഭരായ രാഷ്ട്രീയ നേതാക്കൾ കോൺഗ്രസ് വിടുന്നതിനെ നമുക്കൊരിക്കലും വിമർശിക്കാൻ സാധിക്കില്ല. കോൺഗ്രസിനെ നന്നാക്കിയെടുക്കാനുള്ള പല ആശയങ്ങളും ഘടന മാറ്റങ്ങളും എത്രയോ തവണ നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടും തലപ്പത്തുള്ള നിക്ഷിപ്ത താൽപര്യക്കാർ നിരന്തരമായി അവഗണിക്കുമ്പോൾ മറ്റുമാർഗങ്ങൾ ഇല്ലാതെ വരികയാണ്. കപിൽ സിബലിനെ പിന്തുടർന്ന് എം.പി സ്ഥാനത്തുള്ളവർ അടക്കം മറ്റുപലരും കോൺഗ്രസ് വിട്ടാൽ പോലും അത്ഭുതപ്പെടാനില്ല. മമതാ ബാനർജിക്കും കെജ്രിവാളിനും സ്റ്റാലിനും അടക്കം പല സംസ്ഥാനങ്ങളിലും അധികാരത്തിലേറാൻ സഹായിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ ഒട്ടേറെ നിർദ്ദേശങ്ങളാണ് സോണിയയുടെയും രാഹുലിന്റെയും മുന്നിൽ വച്ചത്. അദ്ദേഹത്തിന്റെ നിർദേശങ്ങളെക്കുറിച്ച് പഠിച്ചില്ല എന്ന് മാത്രമല്ല ആദ്യം അയാളോട് കോൺഗ്രസിൽ ചേരാനാണ് പാർട്ടി ആവശ്യപ്പെട്ടത്. നിരാശയോടെ പ്രശാന്ത് കിഷോറും പിൻവാങ്ങി.
പരിചയസമ്പന്നരായ മുതിർന്ന നേതാക്കന്മാർ കൊഴിഞ്ഞു പോകുമ്പോഴും പ്രതീക്ഷയോടെ പാർട്ടിയിലേക്ക് കടന്നുവന്ന യുവപ്രവർത്തകർ രാജി വെക്കുമ്പോഴും നേതൃത്വത്തിൽ ഇരിക്കുന്നവർ ഒരു വീണ്ടുവിചാരത്തിന് തയ്യാറാകാത്തിടത്തോളം കാലം കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ല. നിലവിലുള്ള രീതിയിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെങ്കിൽ പാർട്ടിക്ക് ഒരിക്കലും പ്രതിസന്ധികളെ അതിജീവിക്കാനാവില്ല എന്ന് തീർച്ചയാണ്. ഈ കെട്ടകാലത്ത് കപിൽ സിബൽ രാജ്യസഭയിൽ ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. അഖിലേഷ് യാദവ് അദ്ദേഹത്തിന് രാജ്യസഭ ടിക്കറ്റ് നൽകുകയാണെങ്കിൽ എന്തുകൊണ്ടും അഭിനന്ദനാർഹമാണ്.
Faisal Malik AR Nagar
Comments
Post a Comment